തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു.


കോഴിക്കോട് അതിരൂപതയിലെ തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയത്തിന്റെ ആശീർവാദകർമം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചശേഷം ദേവാലയത്തിന്റെ ആശീർവാദകർമം നിർവഹിക്കുകയും ദേവാലയം വിശ്വാസി സമൂഹത്തിന് സമർപ്പിക്കുകയും ചെയ്തു.

വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ദൈവാലയം ആരാധനയ്ക്കുള്ള ഇടം മാത്രമല്ല, വിശ്വാസത്തിലും സ്നേഹത്തിലും കൂട്ടായ്മയിലും വളരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമാണെന്ന് ആർച്ച് ബിഷപ്പ് അനുസ്മരിപ്പിച്ചു. കരുണയും സേവനവും സുവിശേഷ സാക്ഷ്യവും ജീവിതത്തിൽ പകർത്തുന്ന സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ദേവാലയത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശീർവാദ ചടങ്ങിൽ വൈദികരും സന്യസ്തരും സന്യസ്തിനികളും ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിശ്വാസികളും പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിച്ചു. നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണം ഇടവകയുടെ ആത്മീയ ജീവിതത്തിന് പുതിയ ഉണർവും നവചൈതന്യവും പകരുന്നതായി വിശ്വാസികൾ അഭിപ്രായപ്പെട്ടു.

 

Fr Nidhin Antony Baruva

Related News & Events